മറക്കാത്ത ഓർമ്മകൾ
മാളു മാളു..... പെട്ടന്ന് അമ്മ വിളിച്ചു അവൾ ആ സ്വപ്നത്തിൽ നിന്നും ഉണർന്നു. 10 വർഷ കാലം എത്ര പെട്ടന്ന് പോയി, കാലം നടന്നു നീകുബോൾ താനൊരു നോക്കുകുത്തിയായി നിന്നു പോയോ... അവൾക്ക് ആശ്ചര്യം തോന്നി. തീവണ്ടിയിലെ ഈ യാത്ര അവളുടെ മനസിന് കുളിരേകി. 10 വർഷം മുൻപ് തന്റെ 10 ക്ലാസ്സ് പരീക്ഷക്കുശേഷമുള്ള അവധിക്കാലത്താണ് താൻ രാജസ്ഥാനിലേക്ക് ആദ്യമായി പോകുന്നത്. കുടുംബവുമായുള്ള ആ യാത്ര തന്റെ മനസിന്റെ താളുകളിലെ മനോഹരമായ ഒരധ്യായമാണെന്ന് അവൾക്കു തോന്നി. ഈ യാത്രയും രാജസ്ഥാനിലേക്കു തന്നെയാണ്, പക്ഷെ അന്നു ഞാൻ പോയത് അവധികാലം ആഘോഷിക്കാനാണ്, എന്നാൽ ഈ യാത്ര എന്റെ ബാബയെ അനേഷിച്ചാണ്, അതെ എന്റെ ബാബയെ..... നീണ്ട താടിയുള്ള, തലപാവുള്ള, മൃദുലമായ ശബ്ദമുള്ള എന്റെ ബാബ. രാജസ്ഥാനിലേക്കുള്ള ആ മനോഹരമായ യാത്രയിൽ ഞാൻ പരിചയപ്പെട്ട എന്റെ ബാബ. ഞങ്ങളുടെ അടുത്ത സീറ്റിലായിരുന്നു ബാബ ഇരുന്നിരുന്നത്.ഒരുപാട് നേരത്തെ ട്രെയിൻ യാത്ര എന്നെ വല്ലാതെ മടുപ്പിച്ചു. അതുകൊണ്ടു തന്നെ ഞാൻ അച്ഛനെയും അമ്മയെയും അസ്വസ്ഥരാക്കി കൊണ്ടിരുന്നു. ആ സമയത്താണ് ബാബയുടെ ശ്രദ്ധ എന്നിൽ പതിഞ്ഞത്. മറ്റുള്ളവരുടെ കഥയറിയാൻ വലിയ താത്പര്യമുള്ള ഞാൻ പെട്ടന്നുതന്നെ ബാബയു മായി കൂട്ടായി. അർജിത്ത് സിംങ് എന്നായിരുന്നു ബാബയുടെ യഥാർത്ഥ പേര്. അദ്ദേഹം ഒരു കർഷകനായിരുന്നു. മണ്ണിന്റെ ഗന്ധമറിയുന്ന മണ്ണിന്റെ പുത്രൻ. ബാബക്ക് 2 ആൺമക്കൾ ആണ്. അദ്ദേഹത്തിന് പെൺകുട്ടികളെ വളരെ ഇഷ്ടമായിരുന്നു. ഒരു മകൾ വേണമെന്ന ആഗ്രഹം നടക്കാതെ പോയതിലുള്ള വിഷമം ഞാനാ മുഖത്തു കണ്ടു. അതു കൊണ്ടു തന്നെ എല്ലാ പെൺകുട്ടികളും അദ്ദേഹത്തിന് സ്വന്തം മകളെ പോലെ ആയിരുന്നു. എന്നോട് ബാബ എന്ന് വിളിക്കാൻ പറഞ്ഞതും ഈ കാരണം കൊണ്ടു തന്നെയാവാം. അദ്ദേഹം എന്നോട് രാജസ്ഥാനിലെ മരുഭൂമികളെ കുറിച്ചും ഒട്ടകങ്ങളെ കുറിച്ചുമുള്ള കഥകൾ പറഞ്ഞു തന്നു. ഇതിനിടയിൽ അദ്ദേഹം ഒരു സാമൂഹ്യ പ്രവർത്തകനാന്നെന്ന് എനിക്കു മനസിലായി.നന്മയുള്ള ആ മനസിന്റെ സാന്നിദ്ധ്യം ആ സായാഹ്നത്തെ അതീവ സുന്ദരിയാക്കി. മണിക്കൂറുകൾക്കിടയിൽ ഞാനും അദ്ദേഹവും തമ്മിൽ ഒരച്ഛൻ മകൾ ബന്ധം വളരുന്നതായി എനിക്കു തോന്നി. അജ്മീർ എന്ന തന്റെ ഗ്രാമത്തിലെ പൂന്തോട്ടങ്ങളെ കുറിച്ച് പറയുമ്പോൾ അദ്ദേഹം തന്റെ യൗവനത്തെ ഓർത്തെടുക്കുകയാണോ എന്ന് എനിക്കു തോന്നി. നമ്മുടെ ജീവിതത്തിൽ ഏറ്റവും ഊർജ്ജമുള്ള കാലമാണ് യൗവനമെന്നും ആ കാലം പകൽ സ്വപ്നം കണ്ട് കളയാനുള്ളതല്ല എന്നും കരുത്തറ്റ പ്രവർത്തനത്തിന്റെയും കഠിനാധ്വാനത്തിന്റെയും കരങ്ങളാൽ എത്തിപ്പെടേണ്ട കാലമാണത്. പൊരുതി ജയിക്കാനുള്ള കാലമാണത്. പരാജയത്തിന്റെ കയ്പ്പുള്ള ഓർമ്മകൾ ചവച്ചരച്ചിറക്കേണ്ട കാലമാണത്. യൗവനത്തിലെത്തും മുൻപേ യൗവനത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം എനിക്കദ്ദേഹം നെയ്തു തന്നു.
അനാഥരായ ദൈവത്തിന്റെ മക്കളെ സംരക്ഷിക്കാനുള്ള കൂടൊരുക്കാനുള്ള തിരക്കിലാണദ്ദേഹമെന്നും ഇതിനാക്കം കൂട്ടാൻ ഹൈദരാബാദിൽ സുഹൃത്തിനെ കാണാൻ പോയതാണെന്നും പിന്നീടാണദ്ദേഹം വെളിപ്പെടുത്തിയത്. സത്യങ്ങൾ മറച്ചുവെക്കാൻ ആ കണ്ണുകൾക്ക് പ്രയാസമാണെന്ന് എനിക്കു തോന്നി. അതുകൊണ്ടാവണമല്ലോ ഇത്രയും സത്യം അദ്ദേഹം എന്നോട് പറഞ്ഞത്. അജ്മീറിൽ തനിക്ക് ആശുപത്രി പണിയണമെന്നും പാവപ്പെട്ട രോഗികൾക്ക് ചികിത്സ നൽകണമെന്നും അതിനായി താൻ അതിയായി ആഗ്രഹിക്കുന്നുവെന്നും ബാബ എന്നോട് പങ്കുവെച്ചു. ഇത്രയും നല്ല മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൽ നിന്നും വരുന്ന ഓരോ വാക്കുകളും പളുങ്കുമണികൾപോലെയാണെന്ന് എനിക്കു തോന്നി. നമ്മൾ ഈ ലോകത്തുണ്ടാകുന്ന കുറച്ചു കാലം നമ്മുക്ക് ചെയ്യാൻ പറ്റുന്ന എല്ലാ നല്ല കാര്യങ്ങളും ചെയ്യണം. ആ നല്ല കാര്യങ്ങൾ എല്ലാവരുടെയും മനസ്സിൽ നല്ല ഓർമ്മകളായി ഉണ്ടാകും. ആ നല്ല ഓർമ്മകളാകും നമ്മുക്ക് ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ സമ്മാനം. ബാബയുടെ ഈ വാക്കുകൾ എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിച്ചു. തന്റെ ഈ രണ്ടു ആഗ്രഹങ്ങളും പൂർത്തിയാക്കാൻ ദൈവത്തിന്റെ കൃപ അനിവാര്യമാന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ മനുഷ്യൻ എന്നിൽ എത്രത്തോളം ചലനം ഉണ്ടാക്കി എന്നെനിക്കറിയില്ല. എന്നാൽ ആ മനുഷ്യൻ എന്നെ വല്ലാതെ കീഴടക്കിയിരുന്നു. രാജസ്ഥാൻ എത്തിയതുപോലും ഞാനറിഞ്ഞില്ല. അമ്മ എന്നെ വന്നു വിളിച്ചപ്പോൾ എനിക്കും ബാബക്കും ഒരുപോലെ സങ്കടമായി. എന്നെ ഒരിക്കലും മറക്കരുത് ബേഠി, രാജസ്ഥാനിലേക്ക് ഇനിയും വരണം, എന്റെ ഗ്രാമത്തിലേക്ക് വരണം, വീട്ടിലേക്ക് വരണം. ബാബയുടെ വാക്കുകൾ ഇടറുന്നതായി എനിക്കു തോന്നി. ബാബ.... ഞാൻ വരും തീർച്ചയായും വരും ബാബയെ കാണാൻ. എന്റെ ഈ വാക്കുകൾ അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി വിടർത്തി. ട്രെയിനിൽ നിന്നും പുറത്തിറങ്ങും മുൻപേ അദ്ദേഹം എനിക്ക് അദ്ദേഹത്തിന്റെ വീട്ടിലെ നമ്പർ തന്നു. " വിളിക്കണം എന്നെ ഇടക്കൊക്കെ" എന്ന് പറഞ്ഞു. ഞാൻ വിളിക്കാം ബാബ എന്ന് പറഞ്ഞു ട്രെയിനിൽ നിന്നും പുറത്തേക്കിറങ്ങി. അന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു, തീർച്ചയായും ഞാൻ ബാബയെ കാണാൻ അജ്മീറിലേക്കു വരും.
പിന്നീട് ഞങ്ങൾ ജയ്പൂരിലേക്കും, ഉദയ്പൂരിലേക്കും പോയി. എന്നാൽ ഞാൻ അവിടെ കണ്ട ഭംഗിയെക്കാൾ എനിക്കിഷ്ടപ്പെട്ടത് ബാബയുടെ ഹൃദയത്തിന്റെ ഭംഗിയായിരുന്നു. ഞാൻ അവിടെ കണ്ട അത്ഭുതങ്ങളെക്കാൾ എന്നെ അതിശയിപ്പിച്ചത് ബാബയുടെ ഹൃദയത്തിൽ നിന്നും വന്ന അത്ഭുതങ്ങളായിരുന്നു. രാജസ്ഥാനിൽ നിന്നും കേരളത്തിലേക്കു തിരിക്കുമ്പഴും എന്റെ മനസ്സിൽ ബാബ മാത്രം ആയിരുന്നു. കേരളത്തിൽ നിന്ന് ഇടക്കൊക്കെ ഞാൻ ബാബയെ വിളിക്കുമായിരുന്നു. ആശുപത്രിയുടെയും, അനാഥർക്കുള്ള വീടിന്റെയും പണി പുരോഗമിക്കുന്നു എന്നുള്ള സന്തോഷ വാർത്ത എന്നോട് പറയാൻ അദ്ദേഹത്തിന് വാക്കുകളിലായിരുന്നു. ഓരോ ഫോൺ വിളിയിലും എന്റെ പഠനത്തിന്റെ കാര്യങ്ങളും ജോലി കിട്ടി ബാബയെ കാണാൻ വരണമെന്ന കാര്യവും ഓർമിപ്പിച്ചു കൊണ്ടേ ഇരുന്നു. പിന്നീട് കുറച്ചു കാലം എനിക്ക് അദ്ദേഹത്തെ ഫോണിൽ ലഭ്യമായിരുന്നില്ല. അതിൽ ഞാൻ നന്നേ ദുഃഖിതയായിരുന്നു.
പഠനം പൂർത്തിയാക്കി ഒരു ടീച്ചറായി ജോലി കിട്ടിയത്തിനു ശേഷമുള്ള ആദ്യ യാത്രയാണിത്. രാജസ്ഥാനിലേക്ക്, എന്റെ ബാബയെ അന്വേഷിച്ച്. 10 വർഷത്തിനു ശേഷം എന്നെ കാണുബോൾ അദ്ദേഹത്തിന് ഓർമ്മയുണ്ടാകുമോ? ആ പ്രസരിപ്പുളള മുഖം എന്നെ കാണുബോൾ...... ഞാൻ മനസ്സിൽ ആലോചിച്ചു കൊണ്ടിരുന്നു. അജ്മീറിൽ എത്തിയപ്പോൾ ഞാൻ ബാബയെ കാണാൻ പോകുന്നത്തിലുള്ള സന്തോഷത്തിൽ ഞാൻ മതിമറന്നു. അജ്മീറിൽ ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. മകൻ അരുൺജിത്ത് ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. ഞാൻ എന്നെ പരിചയപ്പെടുത്തിയപ്പോൾ ബാബ എന്നെ കുറിച്ച് അവരോട് പറയാറുണ്ടെന്നും, ഞാൻ ഒരു ദിവസം ഇവിടെ തീർച്ചയായും വരുമെന്ന് ബാബക്ക് അറിയാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2 മാസങ്ങൾക്കു മുൻപ് ഹൃദയാഘാതം മൂലം ബാബ മരിച്ചു പോയി എന്ന വാർത്ത അരുൺജിത്ത് എന്നോട് പറഞ്ഞപ്പോൾ ഒരു കൊടുക്കാറ്റെന്ന പോലെ ആ മരണവാർത്ത ആഞ്ഞടിച്ചപ്പോൾ ഞാൻ തകർന്നു പോയി. പ്രതീക്ഷയില്ലാത്ത ശുന്യമായ പ്രതലം പോലെ നിശ്ചലമായി എന്റെ മനസ്സ്. ട്രെയിനിൽ നിന്നും കണ്ട ആ അപരിചിതൻ ഇത്രത്തോളം എന്റെ ജീവിതത്തിന്റെ ഭാഗമായി തീർന്നിരുന്നു എന്ന സത്യം ഞാൻ തിരിച്ചറിയുന്ന ഒരു നിമിഷം കൂടിയായിരുന്നു അത്.
അദ്ദേഹം അവസാന നിമിഷത്തിൽ പോലും നിങ്ങളെ അന്വേഷിച്ചിരുന്നു. അദ്ദേഹം ഇടക്കൊക്കെ പറയുമായിരുന്നു ' എനിക്കൊരു ബേഠിയുമുണ്ട് അവളങ്ങ് കേരളത്തിൽ ആണെന്ന്'. നിങ്ങളിവിടെ വരുമെന്ന് ബാബക്ക് ഉറപ്പുണ്ടായിരുന്നു അതുകൊണ്ടാണ് അദ്ദേഹം ഈ കത്ത് നിങ്ങൾക്ക് തരാൻ വേണ്ടി എന്നെ ഏൽപ്പിച്ചത്. ആ കത്ത് വായിക്കാനുള്ള ശക്തി പോലും എനിക്ക് ചോർന്നു പോയിരുന്നു. ആ കത്തിൽ ബാബ എന്നോട് പറഞ്ഞത് ഇപ്രകാരാമായിരുന്നു.
"പ്രിയപ്പെട്ട മകളെ
ഈ കത്തു വായിക്കുബോൾ നീ അജ്മീറിൽ ആണെന്ന് എനിക്ക് അറിയാം. നമ്മുടെ ആശുപത്രിയുടെ പണിയും അനാഥർക്കുള്ള കൂടും നിർമ്മിച്ചു കഴിഞ്ഞു. നീ അതെല്ലാം പോയി കാണണം, അവയെല്ലാം നിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാക്കും.എന്റെ മക്കളിൽ ഒരാളാണ് നീ. "
ലോകത്തിനു വെളിച്ചം വീശുന്ന സൂര്യൻ ഒരുനിമിഷം ഇല്ലാതായപോലെയായിരുന്നു എന്റെ മനസ്സ്. ബാബ എന്റെ ജീവിതത്തിലെ ഒരു സ്വപ്നം ആയിരുന്നോ എന്നുപോലും ഞാൻ ചിന്തിച്ചു പോയി. അദ്ദേഹം എനിക്കെഴുതിയ കത്ത് വായിച്ചപ്പോഴേക്കും ഒരു പേമാരി പോലെ കണ്ണുനീർ ഒഴികിതുടങ്ങിയിരുന്നു. അരുൺജിത്ത് എന്നെ ആശുപത്രിയിലേക്കും ബാബയുടെ കൂട്ടിലേക്കും കൊണ്ടുപോയി. അവിടത്തെ ചുമരിൽ ഒരു പടമായിരിക്കുന്ന ആ മനുഷ്യൻ തീർത്ത വിസ്മയം, അദ്ദേഹം തന്ന വെളിച്ചം എല്ലാം പുതുജീവനേകി. അദ്ദേഹത്തിന്റെ പാത പിന്തുടരണമെന്ന ഉറച്ച തീരുമാനമെടുത്ത് ഞാൻ നാട്ടിലേക്കു മടങ്ങി. "ഒരിക്കലും മറക്കാത്ത ആ ഓർമ്മയുമായി ".......


💓
ReplyDelete