മരണത്തിന്റെ രഹസ്യം
മരണത്തിന്റെ രഹസ്യം
തീർത്തും അപ്രതീക്ഷിതമായ നേരത്ത് ജോണിന്റെ ഫോൺകോൾ കണ്ടപ്പോൾ തന്നെ ഞാൻ സ്വല്പം പരിഭ്രാന്തയായിരുന്നു.
“ഞാൻ കോളേജിന്റെ പുറത്തുണ്ട്, ഇച്ചായൻ ആശുപത്രീലാണ് നീ വേഗം വന്നേ.”
വെറുക്കപ്പെട്ട ആ നിമിഷത്തെ ഞാൻ വീണ്ടും പഴിക്കുന്നു. എന്റെ ഇച്ചായൻ ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിലാണെന്ന് ഞാൻ അറിഞ്ഞത് ആ നിമിഷമാണ്, അത് ആ നിമിഷം ചെയ്ത കുറ്റമല്ല. പക്ഷേ എന്നെ സംബന്ധിച്ച് ആ നിമിഷം വെറുക്കപ്പെട്ടതാണ്.
ഈ ഡയറി എന്റേതല്ല, ഇച്ചായന്റേതാണ്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വണ്ടി പായുമ്പോളത്രയും ഞാൻ ഇച്ചായന്റെ ഓർമകളിൽ തങ്ങിക്കിടക്കുകയായിരുന്നു.
മൂന്നാം വയസ്സിൽ അപ്പൻ മരിച്ച ഒരു പെൺകുട്ടിയെ വളർത്താനും പഠിപ്പിക്കാനും വേണ്ടി അഞ്ചാം ക്ലാസ്സിൽ പഠിപ്പുനിർത്തിയ ആളാണ് എന്റെ ഇച്ചായൻ.
ഇച്ചായൻ മുൻകോപിയാണെന്നോ എടുത്തുചാട്ടക്കാരനാണെന്നോ ഞാൻ പറയില്ല. പൊതുവേ ഇച്ചായൻ അങ്ങനെ ആരോടും ദേഷ്യപ്പെടാറില്ല, ഒരാളോടല്ലാതെ ;അതെന്നോടാണ്. അതിന് വ്യക്തമായൊരു കാരണവുമുണ്ട്. നാല്പത്തഞ്ചു വയസ്സായി ഇച്ചായന്, ഇതുവരെ കല്ല്യാണം കഴിച്ചിട്ടില്ല. അവിടെ ഒരാളുണ്ട് ഇവിടെ ഒരാളുണ്ട് എന്നു ഞാൻ പറഞ്ഞു തുടങ്ങുമ്പോഴേക്ക് ഇച്ചായന്റെ മട്ടും ഭാവവും മാറും. ചിലപ്പോ ചാടി എണീറ്റ് “നിന്നോട് ഞാമ്പറഞ്ഞിര്ക്ക്‌ണു ഇമ്മാതിരി വർത്താനൊന്നും എന്നോടു പറേര്ത്ന്ന്” പറയും.
ഓർമയിൽ തെളിയുന്നത് ഓലയും ടാർപ്പായയും വെച്ചുമറച്ച ഒരു കൊച്ചുകൂരയാണ്. തേയിലത്തോട്ടങ്ങളോട് ചേർന്ന് തോട്ടം തൊഴിലാളികൾ താമസിക്കുന്ന പോലെയുള്ള കൊച്ചുകൂരകൾ. പടിഞ്ഞാറു നിന്നും വീശുന്ന ഓരോ കാറ്റും എന്നിലെ അത്തരം ഓർമകളെ പുറത്തേക്ക് തികട്ടാൻ പ്രേരിപ്പിക്കും.
ജോണിന്റെ ഭാര്യയായിട്ട് പതിനാല് വർഷമാകാറായി, ഇച്ചായൻ കഴിഞ്ഞാൽ ജോണാണെനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.
സന്താപമായ ഒരു സായന്തനം, ആകാശം നിറയെ ഇരുണ്ട മേഘങ്ങൾ. സ്കൂൾ വിട്ട് കുടിലിലെത്തുമ്പോൾ അമ്മച്ചി മരിച്ചുകിടക്കുന്നു. പാമ്പ് കടിച്ച് മരിച്ചതാണെന്ന് അയൽക്കാരിയായ ഏലിയാമ്മ പറഞ്ഞപ്പോൾ ഞാൻ പകച്ചുനിൽക്കുകയായിരുന്നു. ആകാശം കറുത്തു, പൊടുന്നനേ മേഘങ്ങളെല്ലാം കനം കുറഞ്ഞ ചില്ലുകഷ്ണങ്ങളായി പൊട്ടിവീഴാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ മഴ നനഞ്ഞുകൊണ്ട് ഇച്ചായൻ ഓടിവരുന്നു. അമ്മച്ചിയുടെ അരികിൽ ഇരുന്നിരുന്ന എന്റെ ഉള്ള് പിടഞ്ഞു.
“ഇച്ചായാ അമ്മച്ചി പോയി”
ഞങ്ങളുടെ കൂരയ്ക്കു പുറത്ത് കുറച്ചുപേർ കുടകൾ പിടിച്ചുനിൽക്കുന്നുണ്ടായിരുന്നു. സഹതാപത്തിന്റെ കണ്ണീരിനെ മഴ മായ്ക്കാൻ ശ്രമിക്കുകയായിരുന്നു അപ്പോൾ. ഇച്ചായന്റെ കൈയിൽ ഒരു പ്ലാസ്റ്റിക് കവറുണ്ടായിരുന്നു. ഇച്ചായനത് അകത്തെവിടെയോ വെച്ചു.
കുന്നിൻചെരിവിലെ സെമിത്തേരി ശാന്തമായ ഒരന്തരീക്ഷത്തിലേക്ക് വീണു. ചാറ്റൽമഴ ഇടമുറിയാതെ പെയ്തുകൊണ്ടിരുന്നു. മഴയിൽ നനഞ്ഞ മണ്ണിനേയും ലൗകിക ജീവിതത്തിന്റെ തിരി കെട്ടവരേയും സാക്ഷിയാക്കി ഇച്ചായൻ അമ്മച്ചിക്ക് അന്ത്യചുംബനം നല്കി.
ശക്തിയും കരുത്തും ചോർന്നുപോയ എന്നെ ഏലിയാമ്മ താങ്ങിനിറുത്തിയിരിക്കുകയായിരുന്നു. കണ്ണീരിന്റെ ഉപ്പുരുചി എന്റെ അനുവാദമില്ലാതെ വായിലേക്ക് വീണ്ടും വീണ്ടും ഒലിച്ചിറങ്ങി.
അപ്പനേയും അമ്മച്ചിയേയും നഷ്ടപ്പെട്ട ഒരുത്തൻ പതിനഞ്ചു തികഞ്ഞിട്ടില്ലാത്ത അവന്റെ പെങ്ങളേയുംകൊണ്ടു തിരിച്ചുപോകുമ്പോൾ കണ്ടുനിന്നവരെല്ലാം തരിച്ചുപോയിരുന്നു.
അന്ന് ഞാനും ഇച്ചായനും ഒന്നും കഴിച്ചില്ല, പിറ്റേന്ന് അടുക്കളയിലേക്ക് ചെന്നപ്പോൾ ഒരു വാഴയിലകൊണ്ട് ഒരു പാത്രം അടച്ചുവെച്ചിരിക്കുന്നു. ഞാൻ വാഴയില മാറ്റി, രണ്ടു വട്ടയപ്പം ;എനിക്കും ഇച്ചായനും ഏറ്റവും ഇഷ്ടപ്പെട്ട വിഭവം. ആ നിമിഷം തന്നെ ഞാൻ ഇച്ചായൻ ഇന്നലെ കൊണ്ടുവന്ന പ്ലാസ്റ്റിക് കവറിനെക്കുറിച്ചാലോചിച്ചു. ചുവപ്പ് നിറത്തിലുള്ള ഒരു സാരി, ഞാനതിൽ മുഖമമർത്തി കരഞ്ഞു. അതിന്റെ പുതുമണം ആസ്വദിക്കാൻ എനിക്കു കഴിഞ്ഞില്ല., അതെന്നെ അസ്വസ്ഥതപ്പെടുത്തുകയാണ് ചെയ്തത്. എന്റെ വികാരങ്ങൾ കാറ്റും കോളും നിറഞ്ഞ ഒരു മഴപോലെ ഞാനാകുന്ന കടലിൽ പെയ്യാൻ തുടങ്ങി.
ഇച്ചായനു നേരേ വട്ടയപ്പം നീട്ടിയ നിമിഷം ആ കണ്ണുകൾ അതിലുടക്കി നിന്നു.
കുട്ടിക്കാനത്തെ ഒരു തോട്ടത്തിലായിരുന്നു ഇച്ചായന് പണി. അമ്മച്ചി പോയതോടെ കുമളിയിലെ ഒരു ഇംഗ്ലീഷ് കമ്പനിയുടെ തോട്ടത്തിൽ ഇച്ചായൻ പണിക്ക് പോകാൻ തുടങ്ങി. ഇച്ചായൻ ഒരിക്കലും ബുദ്ധിമുട്ടെന്താണെന്ന് എന്നെ അറിയിച്ചില്ല. വൈകുന്നേരം സ്കൂൾ വിട്ടുവന്ന് ഞാൻ കഞ്ഞി ഉണ്ടാക്കാനൊന്നും ഇച്ചായൻ കാത്തുനിന്നിരുന്നില്ല. എന്നിട്ടും ഇച്ചായനോട് എനിക്ക് ചെറിയൊരു ദേഷ്യമുണ്ടായിരുന്നു. അപ്പനെ അടക്കം ചെയ്തശേഷം ഒരിക്കൽപോലും ഇച്ചായൻ പള്ളിമേടയിലേക്കോ സെമിത്തേരിയിലേക്കോ പോയിട്ടില്ല, അമ്മച്ചിയുടെ അടക്കത്തിനല്ലാതെ.
അമ്മച്ചി ഉണ്ടായിരുന്നപ്പോൾ എല്ലാ ഞായറാഴ്ചയും ഞാനും അമ്മച്ചിയും പള്ളിയിലേക്ക് പോയിരുന്നു. അമ്മച്ചി പോയതോടെ ഇച്ചായനെ വിളിക്കുകയോ നിർബന്ധിക്കുകയോ ചെയ്തില്ല, ചെയ്തിരുന്നെങ്കിൽ ഇച്ചായൻ വരില്ലായെന്ന് എനിക്കുറപ്പായിരുന്നു.
ഒരിക്കൽ സൂര്യൻ അസ്തമയത്തെ പ്രതീക്ഷിച്ചിരിക്കുന്ന സമയത്ത് ഞാനും ഇച്ചായനും കുടിലിന്റെ മുന്നിൽ ഇരിക്കുകയായിരുന്നു.
“ഇച്ചായനെന്നാ പള്ളീലോട്ട് വരാത്ത്? പള്ളീല് വന്നില്ലേലും അപ്പന്റേം അമ്മച്ചീടേം അട്ത്ത് വന്നൂടെ?”
എന്റെ ചോദ്യം കേട്ട് ഇച്ചായൻ മുന്നോട്ട് നോക്കി ഒരു ദീർഘനിശ്വാസം പുറത്തുവിട്ടു.
“ഡീ സിസിലിയേ അവരെന്നാത്തിനാ നേരത്തേ പോയത്?”
ഇച്ചായൻ ചോദിച്ചു.
“അവര് സ്വയം പോയതല്ലല്ലോ ഇച്ചായാ ഒടേമ്പ്രാൻ ഓരെ കൊണ്ടോയതല്ലേ?”
“നിനക്കതിന്റെ ഗുട്ടൻസ് അറിയാത്തോണ്ടാ.”
ഇച്ചായൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്തിന്റെ?”
എനിക്ക് തീർത്തും അവ്യക്തമായ ഒരു കാര്യമായിരുന്നു ഇച്ചായൻ പറഞ്ഞു വന്നിരുന്നത്.
“ഡീ ഈ ആളോള് മരിക്ക്ണെപ്പഴാന്നറ്യോ?”
“അവര്ടെ ശ്വാസം പോകുമ്പോ.”
ഇച്ചായൻ എന്റെ തലയിലൊന്ന് തട്ടി, തർക്കുത്തരം പറയുമ്പോഴും വാത്സല്യം തോന്നുമ്പോഴും ഇച്ചായൻ അങ്ങനെയാണ് ചെയ്തിരുന്നത്.
“ഡീ മണ്ടൻകൊണാപ്പി അവരോർക്ക് മരിക്കണംന്ന് തോന്നുമ്പഴാണ് കർത്താവ് ഓരെ തിരിച്ചു വിളിക്ക്ണ്.”
“ഇച്ചായൻ പുളുവടിക്കാണ്.”
ഞാൻ പറഞ്ഞതുകേട്ട് ഇച്ചായൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു നടക്കാൻ തുടങ്ങി. തേയിലച്ചെടികൾക്കിടയിലാണ് ഇച്ചായൻ വളർന്നത്, ആ ജീവിതം തേയിലച്ചെടികളോട് കടപ്പെട്ടിരിക്കും, തേയിലച്ചെടികൾ തിരിച്ചും.
എന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് ഞാൻ ജോണിന്റെ ഭാര്യയായി മാറുന്നത്.ആ സമയമായപ്പോഴേക്കും ഞങ്ങൾ കുമളിയിൽ നിന്ന് മാറി വണ്ടിപ്പെരിയാറിലെ വാടകവീട്ടിൽ താമസമാക്കിയിരുന്നു.എറണാംകുളത്തെ ഡിഗ്രി പഠനകാലത്താണ് ജോൺ എന്റെ മനസ്സിൽ കയറിപ്പറ്റുന്നത്.ജോണിനെക്കുറിച്ച് ഇച്ചായനോട് പറഞ്ഞപ്പോൾ ഒന്നും പറയാതെ കുറേ നേരമിരുന്നു.പിന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു.
“അവനാളെങ്ങനാ!”
“ആള് അടിപൊളിയാ ഇച്ചായാ.”
അതുകഴിഞ്ഞ് ആറുമാസം കഴിയുംമുമ്പേ ഞാനും ജോണും തമ്മിലുള്ള കല്യാണം കഴിഞ്ഞു.കല്യാണം കഴിഞ്ഞ് ഒരുമാസം കഴിയും മുമ്പേ എനിക്ക് ഭരണങ്ങാനത്തെ കോളേജിൽ ജോലി ലഭിച്ചു.
അവിടന്നങ്ങോട്ട് ഏകാന്തതയിലായിരുന്നു ഇച്ചായന്റെ ജീവിതം.ഈ നിമിഷം എനിക്ക് വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെടുന്നു.ഇന്നലെ രാത്രി ഇച്ചായൻ മരിച്ചു.ഇന്നു രാവിലെ ആ മൃതശരീരം മണ്ണിൽ മറച്ചു.തേയിലച്ചെടികളുടെ തോഴൻ ;എന്റെ പ്രിയപ്പെട്ട ഇച്ചായൻ.അന്ത്യചുംബനം നല്കാൻ ഇച്ചായന്റെ നേരേ കുനിഞ്ഞ നിമിഷം എനിക്കാ മണം കിട്ടി, തേയിലകളുടെ മണം.
ഇച്ചായനും മരിക്കാൻ തോന്നിയിട്ടുണ്ടാകണം, അദ്ദേഹത്തെ പറഞ്ഞിട്ടും കാര്യമില്ല.ഏകാന്തതയെക്കാൾ നല്ലത് മരണം തന്നെയല്ലേ!”

അതെ ഏകാന്തതയെ കാൾ നല്ലത് മരണം തന്നെയാണ്
ReplyDelete👏👏
ReplyDelete